പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Tuesday

കുറെ വില്ലന്മാരും ഞാനും..

രാവിലെ എഴുന്നെല്‍കുന്നത് "ദൈവമേ ഇന്ന് ടീച്ചര്‍ക്ക്‌ പനി ആയിരിക്കണേ" എന്ന ഒറ്റ പ്രാര്‍ത്ഥനയോടാണ്. രാവിലെ കെട്ടിയൊരുങ്ങി പാണ്ടന്‍ പെട്ടിയും പിടിച്ചു നടന്നു ട്യുഷനില്‍ എത്തുമ്പോള്‍ സമയം 8.15 (അന്നെനിക്ക് സമയം നോക്കാന്‍ അറിയില്ലാരുന്നു. (ഇന്ന് സമയം ശെരിയും അല്ല ) ഇന്ന് ഊഹിച്ചു എഴുതിയതാണ്. വലിയ സൂചി12 ലും ചെറിയ സൂചി 8 ലും ആകുമ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നു ഇറങ്ങിയിരുന്നു) . നട്ടാല്‍ കുരുക്കാത്ത നുണകളും പറഞ്ഞു എങ്ങനേലും അകത്തു കയറിപറ്റും. അന്ന് സാബുവും ഫിറോസ്‌ ഇക്കയും ആണ് ട്യുഷനിലെ മുതിര്‍ന്ന ആള്‍ക്കാര് ( അന്ന് സാബു അണ്ണന്‍ എന്നാണ് വിളിക്കുന്നത്, ഇന്ന് ഒരുപാട് കൂട്ടായപ്പോള്‍ അത് സാബു ആയി. എങ്കിലും എന്നെ 'ങ്ക' എഴുതാന്‍ പഠിപ്പിച്ചതിന്റെ ബഹുമാനം ഇന്നും എനിക്കുണ്ട്). അവിടുത്തെ അങ്കവും കഴിഞ്ഞു സ്കൂളിലേക്ക് പോകുന്ന വഴിയില്‍ കാണുന്ന കൈതയുടെ മുള്ലെല്ലാം മടക്കി കുത്തിവയ്ക്കും അടി കൊള്ളാതിരിക്കാന്‍ (അത് അന്നത്തെ ഒരു പ്രധാന വിശ്വാസം, അനുഭവം ഉള്ള എത്ര പേരുണ്ടെന്നോ... എന്നാലും എനിക്ക് പതിവ് എന്നും കിട്ടും )
വിശ്വാസം അതല്ലേ ..........
ആദ്യം എന്‍റെ ആഗ്രഹം ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ആവുക എന്നതായിരുന്നു.

അത് പിന്നെ JCB യിലേക്ക് ആയി. ഇന്നെനിക്കു ഇത് രണ്ടും ഓടിക്കാന്‍ അറിയാം
(വടിയും കൊണ്ട് പിറകെ)
അങ്ങനെ നാലുവര്ഷം പഠിച്ച് ആ സ്കൂളിനോട് വിട പറഞ്ഞു. പിന്നെ അല്പം ദൂരെ പോയി പഠിക്കുന്നതിനെ ഉത്സാഹം. ബസില്‍ കയറാനുള്ള സന്തോഷം. എവിടെ ആദ്യ ഒരാഴ്ച ബസില്‍ പോയി, വീണ്ടും തഥൈവ....

കാശ് കൊടുക്കാതെ ആരേലും ബസില്‍ കയറ്റുമോ?

വീണ്ടും വില്ലന്‍ അവതരിച്ചു ട്യുഷന്‍ ....
ചൊവ്വാഴ്ച വൈകുന്നേരങ്ങള്‍ ഇന്നും എനിക്ക് പേടിയാ. ഹിന്ദി ക്ലാസ് ...
ദൈവമേ ഹിന്ദി കണ്ടുപിടിച്ചവന്മാരെ പ്രാകി,പ്രാകി ഞാന്‍ മടുത്തു. ഒപ്പം പഴയ പ്രാര്‍ത്ഥനയും "ദൈവമേ സാറിന്നു വരല്ലേ......"
(ഇന്നും ഹിന്ദി അക്ഷരമാല ശെരിയായി എഴുതാന്‍ എനിക്കറിയില്ല. പ്രാര്‍ത്ഥനയ്ക്ക് പിന്നിലെ പ്രേരക ശക്തി അതായിരുന്നു) . പേപ്പറില്‍ എഴുതി തറയിലിട്ടു ഒരു ദിവസം ഞാന്‍ സ്റ്റാര്‍ ആയി.

ഞാന്‍ അറിഞ്ഞോ അടുത്താഴ്ചയും എഴുതിക്കും എന്ന്?.

പിന്നെ ക്ലാസ്സിന്റെ സൈഡ് മറച്ചിരുന്ന ഓലയില്‍ എഴുതിഇട്ടു.

ഞാനറിഞ്ഞോ ക്ലാസ് മാറ്റി ഇരുത്തും എന്ന്? .

ഓരോ പരീക്ഷണങ്ങളുടെ
തോല്‍വിയിലും ചുവന്നത് എന്‍റെ തുടയാണ് . എല്ലാ ചൊവ്വാഴ്ചകളിലും
അവിടം ചുവന്നുകൊണ്ടിരുന്നു . പിന്നെ സാറും മടുത്തു കൂടെ ഞാനും. എന്നിട്ടും ഞാന്‍ പഠിച്ചില്ല...............

അന്ന് ആകപ്പാടെ എഴുതാന്‍ അറിയാവുന്ന ഇംഗ്ലീഷ് വാക്ക്
I LOVE YOU  എന്നാണ് . അത് ഞാന്‍ ഡെസ്കില്‍ ഭംഗിയില്‍ വലുതായി എഴുതി. അതും സാര്‍ അറിഞ്ഞു . അങ്ങനെ ആദ്യമായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു.

ഞാന്‍ അറിഞ്ഞോ അത് പെണ്കുട്ടികടെ ഡസ്ക് ആണെന്ന്?

പിന്നെ പ്രോഗ്രസ്സ് കാര്‍ഡ്‌ കിട്ടി. ഞാന്‍ നോക്കിയിട്ട് അതില്‍ യാതൊരു പ്രോഗ്രസ്സും കണ്ടില്ല. പിറ്റേന്ന് ഒപ്പിടിചോണ്ട് വരുകേം വേണം. വഴിനീളെ കണ്ട മാവിലെല്ലം എറിഞ്ഞ് പോസ്റ്റ്‌ ഓഫീസിന്‍റെ അടുത്ത് എത്തിയപോഴാണ് പ്രോഗ്രസ്സ് കാര്‍ഡിന്റെ കാര്യം ഓര്‍മവന്നത് .
 പിന്നെ ഒന്നും നോക്കിയില്ല

'കിടക്കട്ടെ അവിടെ'  എന്ന് കരുതി അതെടുത്ത് പോസ്റ്റ്‌ ബോക്സില്‍ ഇട്ടു .

ഞാന്‍ അറിഞ്ഞോ ഇതെന്നും തുറക്കും എന്ന്?

ആകപ്പാടെ അഞ്ചാറ് അച്ചായന്മാരുള്ള സ്ഥലത്ത് ആകെയുള്ള ഈ പേരുകാരന്‍ ഞാന, പ്രേത്യേകിച് പോസ്റ്റ്‌മാന് എന്നെ നന്നായി അറിയാം . അദ്ദേഹം തന്നെ ഉടമസ്ഥനും ജോലിക്കാരനും ആയിട്ടുള്ള ബാര്‍ബര്‍ഷാപ്പില്‍ മാസത്തില്‍ ഒരിക്കല്‍ ഞാന്‍ തലകുനിക്കാറുണ്ട്. കാര്‍ഡ്‌ കിട്ടി കൂടെ മൂന്നാല് കീറും . അതോടെ ഞാന്‍ ഒന്ന് തീരുമാനിച്ചു . അങ്ങേരെടെ കടയില്‍ ഞാന്‍ ഇനി കേറില്ല ദുഷ്ടന്‍.

അങ്ങനങ്ങനെ കുറെ കഴിഞ്ഞു ഹൈസ്കൂളും +2 ഉം കഴിഞ്ഞു .റാങ്ക് പ്രതീക്ഷ എനിക്കുണ്ടയിരുന്നെലും ഞാന്‍ എന്ട്രന്‍സ് എഴുതീല എന്തിനാ ആ കാശുകൂടെ കളയുന്നെ എന്ന് കരുതി.

പിന്നെ കോളേജ്.....

കാലത്തിനൊത്ത്‌ കോലം മാറണ്ടേ?
പച്ചപ്പരിഷ്കാരി ആയ ഞാന്‍ മുടി അല്പം നീട്ടി വളര്‍തിയപ്പോ "ഡാ മുടി വെട്ടാന്‍ കാശ് തരാം",
അങ്ങേരെ പറയിപ്പിക്കാന്‍ ഒരു ചെറുക്കന്‍"
 എന്നൊക്കെ പറഞ്ഞവന്‍മാരെ ഞാന്‍ മറന്നിട്ടില്ല.

തെങ്ങുംമേല്‍ കേറി കൂകി വിളിചോണ്ടിരുന്നവന്മാര, തെങ്ങേല്‍പാട്ടും റേഡിയോയും വന്നതൊന്നും അറിഞ്ഞില്ലാരിക്കും. നാടെങ്ങനെ നന്നാവും?

പിന്നെയും പതിവ് പോലെ ബസില്‍ കയറുമ്പോ തുടങ്ങും കണ്ടക്ടര്‍ വക "പെണ്ണ് കെട്ടാറായി എന്നിട്ടും കണസഷന്‍" .
നുരഞ്ഞു പൊന്തുന്ന വിപ്ലവചിന്തകള്‍ ശക്തിയോടെ വാക്കുകള്‍ആക്കി ഞാന്‍ അങ്ങേര്‍ക്കു നേരെ തൊടുക്കും, നാളെയും പതിവുപോലെ എന്ന അര്‍ത്ഥത്തില്‍.
എന്നാലും ഞാന്‍ ആലോചിക്കാതിരുന്നില്ല

ആ കണ്ടക്ടര്‍ക്ക് തോന്നിയത് എന്തെ വീട്ടുകാര്‍ക്ക് തോന്നില?

പോവുന്ന പോക്ക് കണ്ടാല്‍ ഭാവി തലമുറയെ വാര്‍ക്കാന്‍ സിമെന്റ് കുഴൈക്കാന്‍ പോവുന്ന പോലെയാ.
ലാസ്റ്റ് ബഞ്ചില്‍ ഇരുന്നുറങ്ങുന്ന കാര്യം ആണ് മനസ് മുഴുവന്‍.
ഇവിടെയും പഴയ അധ്യാപകവര്‍ഗം തന്നെയാണ് വില്ലന്മാര്‍.
മൂന്നാമത്തെ നിലയില്‍ നിന്നു വേസ്റ്റ് ബക്കറ്റ് താഴെ എടുത്തിട്ടപോഴും, ലാബിന്റെ പൂട്ടില്‍ ബബിള്‍ഗം ഒട്ടിച്ചു വച്ചപോഴും എല്ലാം പഴയപോലെ പിടിക്കപെട്ടു . അവിടെ പിന്നെ അടി ഒന്നും ഇല്ല കൊള്ളുന്നവന് ഇല്ലേലും അല്പം നാണം അവര്‍ക്കില്ലെ?

എനിക്ക് വേണ്ടി ചേട്ടന്മാരായി കോളേജില്‍ കയറി ഇറങ്ങിയ ചേട്ടന്മാര്‍ ഇന്നും പഴയപോലെ ഓട്ടോ ഓടിക്കുന്നു.
പ്രണയത്തിന്റെ തീജ്വാലയില്‍ വെന്തുരുകി യവ്വനം ചുവന്നു .
ആരോ അതിന്മേല്‍ വെള്ളം ഒഴിച്ചു. ഇന്നത് അണഞ്ഞ്‌ കരിക്കട്ട പോലെ ആയി. തീകത്തിച്ചതിന്റെയൊക്കെ ഒക്കത്ത് ഇപ്പൊ ഓരോ ട്രോഫികളും.
ജീവിതത്തിന്റെ നെട്ടോട്ടങ്ങള്‍ക്ക് ഇടയില്‍ അത് വഴി പോകുമ്പോള്‍ ആ പഴയ ടയലോഗ് ഓര്‍മവരും

"ഈ ചുവരുകള്‍ക്ക് പറയുവാന്‍ ഒരുപാട് കഥകള്‍ ഉണ്ട്, കൊഴിഞ്ഞു പോയ ഒരുപാട് പ്രണയങ്ങളുടെയും, പിരിയാന്‍ കഴിയാത്ത കുറച്ചു സുഹൃത്ത് ബന്ധങ്ങളുടെയും"

ജീവിത പ്രതീക്ഷകളുമായി ഇന്ന് അറബിനാട്ടില്‍ ....

വെള്ളിയാഴ്ച കടല്‍തീരത്തെ ഈന്തപനയില്‍ കിട്ടിയ കല്ല്‌ കൊണ്ട് എറിഞ്ഞ് തുടങ്ങിയപ്പോള്‍ നടന്നുവന്ന മധ്യവയസ്കരായ ദമ്പതികളില്‍ ഭര്‍ത്താവ് ചോദിച്ചു "ആര്‍ യു മലയാളി "?
അതെ എന്നുത്തരം .

 ചിരിച്ചുകൊണ്ട് ഒരു കല്ലെടുത്ത് ഈന്തപനയില്‍ എറിഞ്ഞ് കൊണ്ട് അയാള്‍ പറഞ്ഞു

"ചൊട്ടയിലെ ശീലം ചുടലവരെ"...

8 comments:

 1. Eda Nannayeda. Enikkistappettu

  ReplyDelete
 2. നന്ദി ജാദിര്‍ ചേട്ടാ......

  ReplyDelete
 3. നന്നായിരിക്കുന്നു.....വളരെ സരസമായ അഖ്യാനം ..ആശംസകള്‍....

  ReplyDelete
 4. വായിച്ചു കെട്ടോ ...നിഷ്കളങ്കമായ ഓര്‍മ്മകള്‍..ആശംസകള്‍.

  ReplyDelete
 5. നന്ദി, നന്ദി, ജീവിതത്തിന്റെ തിരക്കിനിടയില്‍
  നൂലില്‍ കോര്‍ത്ത കുറെ ഓര്‍മ്മകള്‍ മാത്രം....
  സ്നേഹം നിറഞ്ഞ നന്ദി.....

  ReplyDelete
 6. SUPER...enikku istapettu....ആശംസകള്‍....

  ReplyDelete
 7. ഹഹഹാ, നല്ല “നൊസ്സ്“റ്റാൾജിയ., എല്ലാവരും ഇതുപോലൊക്കെ തന്നെയാണല്ലേ...., നന്നായി പഠിച്ചവൻ ഇപ്പഴും പി എസ് സി എഴുതിക്കൊണ്ടിരിക്കുന്നു...

  ഇടക്കൊക്കെ എന്റെ ബ്ലോഗും സന്ദർശിക്കാം
  http://njaanumenteorublogum.blogspot.com/

  ReplyDelete

മഴ...