പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Monday

നിളയുടെ തീരത്ത്......

നീണ്ട ഇടനാഴിയുടെ ഒരു കോണില്‍ വിശ്രമിക്കുമ്പോഴും
മനസ്സ് ഇന്നലെ കണ്ട ആ മുഖത്തിന്‌ ചുറ്റും ഓര്‍മകളുടെ ഭ്രമണം തുടങ്ങിയിരുന്നു.
വിശ്രമമില്ലാത്ത മനസ്സെപ്പോഴോ ഓര്‍മകളുടെ ഭാണ്ഡം തുറന്നു.

നിള, ഹരിതകേരള ഭൂമിയുടെ പൊന്നരഞ്ഞാണം പോലെ തുഞ്ചന്‍റെ കിളിപ്പാട്ട് കേട്ട് ,
കുഞ്ചന്‍റെ തുള്ളല്‍പ്പാട്ട് കേട്ട് ആഹ്ലാദവതിയായി അവള്‍ ഒഴുകി.
ഇല്ലം വക പള്ളിക്കൂടത്തില്‍ പുതിയതായി എത്തിയതായിരുന്നു അപ്പുമാഷ്,
ഇല്ലത്ത് ചെന്ന് കാരണവരെ മുഖം കാണിക്കണം .
അങ്ങോട്ടുള്ള യാത്രയാണ്‌ തൃത്താറാവിന്‍റെ മണമുള്ള ഇടവഴിയിലൂടെ , വയലുകളുടെയും പുഴയുടെയും സൌന്ദര്യം ആസ്വദിച്ചു കൊണ്ട്......
കോലായില്‍ ചാരുകസേലയില്‍ മുറുക്കി കോളാമ്പിയില്‍ മുഖംകുനിച്ചു നിവര്‍ന്ന കാരണവരെ കണ്ടപ്പോള്‍
പഴയ ജന്മിത്തത്തിന്റെ വാടാത്ത കിളിര്‍പ്പാണെന്ന് തോന്നി.
ആ ശബ്ധത്തില്‍ തന്നെ അത് പ്രതിഫലിച്ചു, ആരൂപം അതിനു മികവേകി.
മുറ്റത്ത് പാണ്ടി ബെല്‍റ്റും കെട്ടി മൈലാഞ്ചി താടിയുഴിഞ്ഞ്
നാളികേരത്തിന്റെ കണക്കെടുക്കുന്ന കൊപ്ര കച്ചവടക്കാരന്‍ റാവുത്തറുo
ജോലിക്കാരും പരിചയമില്ലാത്ത ആ മുഖത്തേക്ക് ഒന്ന് നോക്കി.
ഊട്ടുപുരയുടെ തിണ്ണയില്‍ ചമ്മണംപടിഞ്ഞിരുന്ന് ധൃതിയില്‍ പഴഞ്ചോറ് കഴിക്കുന്ന
എണ്ണക്കറുപ്പുള്ള പയ്യന്‍ മാഷിന്‍റെ ശ്രദ്ധയില്‍ പതിഞ്ഞു.
പാത്രത്തില്‍ കണ്ണുംനട്ടിരുന്ന കാക്ക എന്തോ മുന്നമേ കണ്ടിട്ടെന്നോണം നിലവിളിച്ചുയര്‍ന്നു.
തിരിച്ചുള്ള യാത്രയില്‍ കുറെ പയ്ക്കളോടൊപ്പം വീണ്ടും ആ പയ്യനെ കണ്ടു.
അപ്പുമാഷ് പള്ളികൂടത്തില്‍ അറിവിന്റെ വിത്തുകള്‍ പാകി, പ്രതീക്ഷയുടെ പൂവുകള്‍ വിരിയിച്ചുതുടങ്ങി.
കുറെ ദിനങ്ങള് കഴിഞ്ഞു. ‍ അപ്പുമാഷ് എല്ലാവര്‍ക്കും വളരെ പരിചിതനായിക്കഴിഞ്ഞു.
ഒരു നാള്‍ ഇല്ലത്തെക്കുള്ള യാത്രയില്‍ ആറുടുത്ത് നിന്ന അവനോടു മാഷ് ചോദിച്ചു

"എന്താ പേര്?"

"കുഞ്ഞന്‍ " .വേറൊരു ചോദ്യത്തിനു ഇടംകൊടുക്കാതെ,
പളുങ്ക്മണികള് തെറുപ്പിച് കരയില്‍ കയറി ട്രൌസറും ധരിച് ‍പയ്ക്കളോടൊപ്പം അവന്‍ നടന്നകന്നു.
ഇതുവരെ പള്ളിക്കൂടതിന്റെ ഒരു ക്ലാസ്മുറികളിലും കണ്ടിട്ടില്ലാത്ത മുഖം.
സൌഹൃദ സംഭാഷണത്തിനിടയില്‍ കാരണവരോട് അവനെപറ്റി തിരക്കി.
മറുപടി വന്നത് പാതിചാരിയ കതകിനു പിറകില്‍ നിന്നായിരുന്നു. " അവന്‍ കുഞ്ഞന്‍ ".
തറപ്പിച്ചുള്ള ആ നോട്ടം ആകണം പിന്നെ അവിടെനിന്നു ശബ്ദം ഒന്നും പുറത്തു വന്നില്ല.
കാരണവര്‍ തുടര്‍ന്നു ,

" അവന്‍ തെങ്ങേന്നു വീണുചത്ത കൊമ്പാളന്റെ മകന്‍. ഇവടെ പൈക്കളെ മെയ്‌ക്കുന്നു."

"പള്ളിക്കൂടത്തില്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ"?

"പഠിക്കാന്‍ വന്നാല്‍ കുടുംബം കഴിയണ്ടേ, ദെണ്ണം പിടിച്ചുകിടക്കുന്ന തള്ളക്കു വരെ ആരാ"?

"എന്നാല്‍ അവനെ പള്ളിക്കൂടത്തില്‍ ചേര്‍ക്കണം, അക്ഷരം പഠിക്കാന്‍ അവനും ആഗ്രഹം കാണില്ലേ"? മാഷ് പറഞ്ഞു.

"മാഷ് അവന്റെ തള്ളയോട് സംസാരിക്ക് "
രാത്രി മുഴുവന്‍ അവന്റെ മുഖമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍..
പള്ളിക്കൂടം കഴിഞ്ഞു സന്ധ്യ കുറുകി തുടങ്ങിയപ്പോള്‍ മാഷ് കുഞ്ഞന്റെ വീട്ടുപടിക്കല്‍ എത്തി .
ചിമ്മിനി വിളക്കിന്റെ നിഴല്‍പ്പരപ്പില്‍ സൂചിക്കുഴയില്‍ നൂല് കോര്ക്കാനുള്ള അവന്റെ ശ്രെമം.
മാഷെ കണ്ടതും ചാടി എഴുന്നേറ്റു വിളിച്ചു അമ്മെ......
കത്തിച്ചു പിടിച്ച വിളക്കുമായി വേച്ചു വേച് ഒരു സ്ത്രീരൂപം .
മുഖത്ത് വിയര്‍ത്തു പരന്ന കരി,കുഴിഞ്ഞു വറ്റിയ കണ്ണുകള്‍,
പേറ്റുനോവിനപ്പുറം വേദനയല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ലാത്ത സ്ത്രീ.
വിഷയം അവതരിപ്പിച്ചു, ആ കണ്ണുകള്‍ നിറഞ്ഞു,

"തേവപ്പുരയില്‍ കോഴിക്കുരുതി ഉഴിഞ്ഞു ഉണ്ടായ കനിയാ, പറഞ്ഞിട്ടെന്തു കാര്യം? എന്‍റെ അവസ്ഥ ഇതായിപ്പോയില്ലേ?"

മാഷിന്റെ നിര്‍ബന്ധത്തിനൊടുവില് പള്ളിക്കൂടത്തില്‍ വിടാമെന്ന് സമ്മതിച്ചു .

ആ കുഞ്ഞു മനസിലെ പ്രതീഷകള്‍ക്ക് ചിറകുകള്‍ മുളക്കുവാനും ഉയരങ്ങളിലേക്ക് പറക്കുവാനും തുടങ്ങി.
കുഞ്ഞന്‍ പള്ളിക്കൂടത്തിലെക്കുള്ള യാത്രയാണ്‌ . ആദ്യമായി ചെരുപ്പിട്ടത്തിന്റെ അസ്വസ്ഥത മുഖത്തുനിന്നു മറച്ചു കൊണ്ട്....
നഗരത്തിലെ ഏതോ ജൌളിക്കടയുടെ പരസ്യം പറയുന്ന കവറില്‍ സ്ലേറ്റും
കല്ല്‌ പെന്‍സിലുമായി,
മാഷ് അവനെ രണ്ടാം ക്ളാസ്സിലിരുതി രണ്ടാം ക്ലാസ്സിലെ തടിയന്‍ ചെക്കന്‍ മറ്റു കുട്ടികള്‍ക്ക് അത്ഭുതമായിരുന്നു.
നഗരത്തിലെ കടകളില്‍ നിന്നു പൊതിഞ്ഞു വരുന്ന കടലാസുകളില്‍ എഴുതിയിരുന്നതോക്കെയും വായിക്കുവാന്‍ അവന്‍ പഠിച്ചു.
കാലം പിന്നിട്ടു അപ്പു മാഷ്ടെ മാനസപുത്രന്‍ മൂന്നാം ക്ലാസ്സിലാണ്.
കാലില്‍ ചെരുപ്പുകടിച്ച വൃണം ഉണങ്ങിയിരുന്നു. എല്ലാവര്ക്കും അവനെ കുറിച് നല്ലതേ പറയാനുള്ളൂ.
പരീക്ഷ കഴിഞ്ഞ അവധിക്കു മാഷ് നാട്ടിലേക്ക് പോവുകയാണ്.
കുഞ്ഞന്റെ അമ്മയുടെ അനുവാദം വാങ്ങി അവനെയും കൂട്ടി.
നിറയെ കുട്ടികളും,മുത്തച്ഛനും,മുത്തശ്ശിയും ഉള്ള കുടുംബം.
നിളയ്‌ക്കപ്പുറം എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത അവന് അതൊരു പുതിയ അനുഭവമായിരുന്നു .
മാണിയന്‍ ചൂളമിടുന്നു മഴകാണും മുത്തച്ഛന്‍ പുറത്തേക്കു നോക്കി പറഞ്ഞു.
വാക്കുമാറാതെ മഴ ശക്തിയായി പെയ്തു, ഒപ്പം ഇടിയും കൊള്ളിയാനും ....
ശക്തിയായ കാറ്റില്‍ നാട്ടുമാവില്‍ നിന്നു മഴകണക്കെ മാങ്ങകള്‍ പൊഴിഞ്ഞു..
കുട്ടികളെല്ലാം മാങ്ങ പെറുക്കുവാന്‍ മാഞ്ചുവട്ടിലേക്ക് ഓടി .
ശക്തിയായി ഒരിടി പൊട്ടി എല്ലാവരും അകത്തേക്കോടി, പെറുക്കിയ മാങ്ങകളുടെ എണ്ണം നോക്കുന്നതിനിടയില്‍ എങ്ങും കുഞ്ഞനെ കണ്ടില്ല .
കരിനീലിച്ചു മരവിച്ച ആ ശരീരം മഴനനഞ്ഞ് മാവിന്‍ചോട്ടില്‍ കിടന്നു.
ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ ഒരു ഈയല്‍ ചിറകടന്നു താഴെ വീണു.
നീണ്ട നിലവിളികള്‍ക്കും കണ്ണുനീരിനുമിടയില്‍ ഒരു ചോദ്യം "ഇതിനാണോ മാഷേ അവനെ പള്ളിക്കൂടത്തില്‍ ചേറ്തെ?"

നിലവിളികള്‍ക്കു ഒടുവില്‍ എപ്പോഴോ ആ അമ്മ തളര്‍ന്നുറങ്ങി, പിന്നെ ആരും മാഷിനെ കണ്ടില്ല.
കാലങ്ങള്‍ പലതു കഴിഞ്ഞു ...
നിളയിന്നു കണ്ണിയകന്ന പൊന്നരഞ്ഞാണം പോലെ അവിടവിടെ വെള്ളകെട്ടുകളായി അവശേഷിക്കുന്നു.
ഗ്രാമങ്ങള്‍ നഗരങ്ങളുടെ മുഖമൂടി അണിഞ്ഞു.
മേഘങ്ങളുടെ നിഴലുകള്‍ പൈക്കളെ പോലെ മേഞ്ഞുനടന്നു .
മുന്നിരിട്ട് പതിച്ച യുഗാന്തര സ്മരണകളുടെ കര്‍ക്കിടകങ്ങളില്‍ കലക്കുവെള്ളം താഴോട്ടൊഴുകി, വാര്‍ദ്ധക്യത്തിന്റെ ഒഴുക്കു ചേറ് എന്നില്‍ നിക്ഷേപിച്ചുകൊണ്ട്‌ ....

സ്ത്രീ എന്ന രൂപവും, ദോഷജാതകത്തിന്റെ പ്രതിഫലനവും ഇന്നും എന്നെ പാതി ചാരിയ കതകിനു പുറകില്‍ നിന്നല്ലാതെ മുന്നിലേക്ക്‌ വന്നു സംസാരിക്കുവാന്‍ അനുവദിക്കുന്നില്ല.

നഗരവേഷമണിഞ്ഞ ഗ്രാമത്തില്‍ കാഴ്ചയായി വീണ്ടും ഒരു ഭ്രാന്തന്‍. നീട്ടിവളര്‍ത്തിയ താടിയും, മുടിയും കയ്യില്‍ മൂന്നാം ക്ലാസിലെ പാഠപുസ്തകവും ഒരു നാട്ടുമാങ്ങയും. എന്തൊക്കെയോ പുലമ്പിക്കൊണ്ട് , പള മുഖങ്ങള്‍ക്കു മുന്നിലും കൈനീട്ടിക്കൊണ്ട് ആ രൂപം നടന്നകന്നു.

വീണ്ടും ആ ചോദ്യം മനസ്സില്‍ ഭ്രമണം തുടങ്ങി ...

അത് അദ്ദേഹമായിരുന്നുവോ ?

ആണെങ്കില്‍ കര്‍മ്മബന്ധത്തിന്റെ ഏതു ചരടാണ് അദ്ദേഹത്തെ വീണ്ടും ഇതുവഴി കൊണ്ട് വന്നത് ????

6 comments:

 1. " നിളയിന്നു കണ്ണിയകന്ന പൊന്നരഞ്ഞാണം പോലെ അവിടവിടെ വെള്ളകെട്ടുകളായി അവശേഷിക്കുന്നു."

  മനോഹരമായ എഴുത്ത്....
  നന്നായിട്ടുണ്ട്...
  ആശംസകള്‍.

  ReplyDelete
 2. വായിച്ചു.
  സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകവൃത്തിയുമായി കഴിയുന്നതുകൊണ്ട് ആ അവസ്ഥ എ​നിക്കു നന്നായി മനസിലാവുന്നുണ്ട്.സ്പര്‍ശിക്കുന്ന രീതിയില്‍ നന്നായി എഴുതി ജോബി.

  കൂടുതല്‍ വിലയിരുത്തലുകള്‍ നമ്മുടെ മറ്റു സുഹൃത്തുക്കള്‍ നടത്തട്ടെ...

  ReplyDelete
 3. പിടിച്ചിരുത്തുന്ന അവതരണം.. അഭിനന്ദനങ്ങള്‍..

  ReplyDelete
  Replies
  1. നന്ദി ജെഫു ചേട്ടാ......

   Delete

മഴ...